മരണത്തിനു വരെ കാരണമാകുന്ന വിഷ സസ്യത്തിന്റെ സാന്നിദ്ധ്യം; Meath-ലെ ബീച്ചുകളിൽ ജാഗ്രത!

By Rose Malayalam Desk

Co Meath-ലെ ബീച്ചുകളില്‍ മനുഷ്യരുടെയും, മൃഗങ്ങളുടെയും ജീവഹാനിക്ക് വരെ കാരണമാകുന്ന സസ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം. ഉള്ളിലെത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ മരണം വരെ സംഭവിക്കാവുന്ന ‘hemlock water dropwort’ അഥവാ ‘ഡെഡ് മാന്‍സ് ഫിംഗേഴ്‌സ്’ എന്ന സസ്യമാണ് ചില ബീച്ചുകളില്‍ കണ്ടെത്തിയിട്ടുള്ളത്.

Laytown, Bettystown എന്നീ ബീച്ചുകളില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഈ സസ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതെന്ന് സാഹസിക സഞ്ചാരിയായ മാക്‌സ് കോഡി പറഞ്ഞു. സസ്യത്തിന്റെ വേരുകളാണ് തീരത്തടിഞ്ഞത്. ബീച്ചുകളില്‍ കുട്ടികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയുമായി പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു. വിഷസസ്യങ്ങളെ കുറിച്ച് ഫോറസ്റ്റ് സ്‌കൂളുകളില്‍ പഠിപ്പിക്കുകയും ചെയ്യുന്നയാളാണ് കോഡി.

ഈയിടെയുണ്ടായ ശക്തമായ കാറ്റിലും, വെള്ളപ്പൊക്കത്തിലും സമീപത്തെ Delvin, Nanny, Boyne മുതലായ നദികളില്‍ നിന്നുമാകാം ഈ സസ്യങ്ങള്‍ ബീച്ചിലെ തീരത്തെത്തിയതെന്നാണ് കോഡി പറയുന്നത്. ഈ സസ്യത്തില്‍ നിന്നുള്ള വിഷത്തിന് മറുമരുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

സസ്യത്തിന്റെ ഇല തൊട്ടാല്‍, ശരീരത്തില്‍ തടിപ്പ് ഉണ്ടാകുകയും, എന്നാല്‍ വയറ്റിലെത്തിയാല്‍ മരണം സംഭവിക്കുകയും ചെയ്യും. നാഡീവ്യൂഹത്തെയാണ് ഇതിലെ വിഷം ബാധിക്കുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW