മുന്‍ അയര്‍ലണ്ട് മലയാളി യുവാവ് ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഓസ്ട്രേലിയൻ നഗരമായ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുന്‍ അയര്‍ലണ്ട് മലയാളിയായ യുവാവിന് ദാരുണാന്ത്യം. പെർത്തിലെ കാനിങ്ങ് വെയിലിൽ താമസിക്കുന്ന റോയൽ തോമസ്-ഷീബ ദമ്പതികളുടെ മകൻ ആഷിനാണ് (24) ഞായറാഴ്ച്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അയര്‍ലണ്ട് മലയാളികളുടെ ഇടയില്‍ സുപരിചിതമായ കുടുംബം ആയിരുന്നു റോയല്‍ തോമസിന്‍റെത്.

ഞായറാഴ്ച്ച രാത്രി പെർത്ത് സമയം 11.15നായിരുന്നു അപകടം. കാനിങ്ങ് വെയിൽ നിക്കോൾസൺ റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആഷിൻ തൽക്ഷണം മരിക്കുകയായിരുന്നു. യുവാവിന്റെ വീടിനു സമീപമാണ് അപകടമുണ്ടായ സ്ഥലം ആഷിനെയും കാർ ഡ്രൈവറെയും റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രികനായ ആഷിൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ആശുപ്രതി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ഓസ്ട്രേലിയൻ മാധ്യമം റിപ്പോര്‍ട്ട്‌ ചെയ്തു.

പാലാ തീക്കോയി സ്വദേശിയാണ് ആഷിന്റെ പിതാവ് റോയൽ. പനക്കക്കുഴി കുടുംബാംഗമാണ്. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ് റോയൽ. ഐൻസ് റോയൽ ഏക സഹോദരനാണ്. ആഷിൻ്റെ മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിൽ എത്തിയപ്പോഴാണ് ദുരന്ത വാർത്ത തേടിയെത്തിയത്.

ഏതാനും വർഷം മുമ്പായിരുന്നു ആഷിക് പെർത്തിലെ ഫ്ളൈയിങ് ക്ലബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയത്. പൈലറ്റ് ലൈസൻസ് കിട്ടിയ ശേഷം കുടുംബത്തെ ഉൾപ്പെടെ വിമാനത്തിൽ കയറ്റി ഓടിക്കുന്ന വീഡിയോ വൈറലായിരുന്നു.

അയർലൻഡിൽ ഡബ്ലിനിലായിരുന്നു റോയൽ തോമസും കുടുംബവും ആദ്യമുണ്ടായിരുന്നത്. അയർലൻഡിലെ 10 വർഷത്തോളം നീണ്ട ജീവിതത്തിനു ശേഷം 12 വർഷം മുമ്പാണിവർ ഓസ്ട്രേലിയയിൽ കുടിയേറിയത്. ഓസ്ട്രേലിയയിലെ പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ ഇടവകാംഗമാണ് ആഷിൻ്റെ കുടുംബം.

അയർലൻഡ്, ഓസ്ട്രേലിയൻ മലയാളികള്‍ക്ക് വലിയ ഞെട്ടലായിരിക്കുകയാണ് ആഷിന്റെ മരണ വാര്‍ത്ത.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion