പ്രമുഖ നാടക നടനും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ അയർലൻഡിൽ തന്റെ പ്രസിദ്ധ നാടകമായ ‘പെൺനടൻ’ അവതരിപ്പിക്കാൻ എത്തുന്നു. ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന മെയ്ദിന ആഘോഷ പരിപാടിയിലാണ് സോളോ ഡ്രാമയായി സന്തോഷ് കീഴാറ്റൂർ തന്റെ പെൺനടൻ എന്ന നാടകം അവതരിപ്പിക്കുന്നത്.

ഇതുവരെ ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികളിൽ ശ്രദ്ധേയമായ പ്രകടനം കൊണ്ട് കാണികളെ അമ്പരപ്പിച്ച സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗ നാടകമാണ് പെൺനടൻ. ഒരുകാലത്ത് മലയാള നാടകവേദികളിൽ വാസവദത്തയായും ലീലയായും മാതംഗിയായുമെല്ലാം പകർന്നാടിയ ഓച്ചിറ വേലുക്കുട്ടിയാശാനെന്ന നടൻ, പെൺവേഷം കെട്ടിയാടുന്നതിനുവേണ്ടി നേരിട്ട വെല്ലുവിളികളാണ് നാടക രൂപത്തിൽ സന്തോഷ് കീഴാറ്റൂർ അവതരിപ്പിക്കുന്നത്. ആണും പെണ്ണും കുമാരനാശാനും വാസവദത്തയുമെല്ലാം ഇടകലർന്നൊരു വല്ലാത്ത ദുരവസ്ഥയിലെത്തിയ വേലുക്കുട്ടിയെന്ന നടന്റെ ആത്മസംഘർഷം പെൺനടനായി സന്തോഷ് കീഴാറ്റൂർ അയർലൻഡിലെ വേദിയിലെത്തിക്കുന്നു.
സിനിമാ നടൻ കൂടിയായ സന്തോഷിന് 32 വർഷത്തെ നാടകാനുഭവമുണ്ട്. കണ്ണൂരിലെ കീഴാറ്റൂർ സ്വദേശിയായ അദ്ദേഹം പതിനാറാം വയസ്സിൽ കണ്ണൂർ സംഘചേതനയിലൂടെയാണ് നാടകത്തിലെത്തുന്നത്. പിന്നീട് നിരവധി പ്രഫഷണൽ, അമച്വർ വേദികളിലെ നാടകങ്ങളിൽ വേഷമിട്ടു. ‘പുലിമുരുകനി’ൽ മുരുകന്റെ അച്ഛന്റെ റോളിലടക്കം 55-ഓളം സിനിമകളിലും അഭിനയിച്ചു.
സന്തോഷ് തന്നെ സംവിധാനം നിർവഹിച്ചിരിക്കുന്ന നാടകത്തിന്റെ രചനയിൽ സന്തോഷിന്റെ സുഹൃത്തായ സുരേഷ് ബാബു ശ്രീസ്ഥയും പങ്കാളിയായി. ഡോ.എൻ.കെ.മധുസൂദനനും ഡോ.കെ.എസ്.പ്രശാന്ത് കൃഷ്ണനുമാണ് സംഗീത സംവിധായകർ. ഭാര്യ സിനി സന്തോഷ് കോസ്റ്റ്യും ഡിസൈനറായും പ്ലസ്ടുവിൽ പഠിക്കുന്ന മകൻ യദു സാന്ത് ദീപ സഹസംവിധായകനായും നാടകത്തോടൊപ്പമുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion