രണ്ടാം മത്സരത്തിലും തോൽവി: ട്വന്റി-20 വേൾഡ് കപ്പിൽ അയർലണ്ടിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ

ട്വന്റി-20 മെന്‍സ് വേള്‍കപ്പിലെ ഗ്രൂപ്പ് സ്‌റ്റേജ് രണ്ടാം മത്സരത്തിലും അയര്‍ലണ്ടിന് തോല്‍വി. കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ 67 റണ്‍സിനാണ് അയര്‍ലണ്ട് അടിയറവ് പറഞ്ഞത്. ഇതോടെ രണ്ട് തോല്‍വികളുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായ അയര്‍ലണ്ടിന്റെ സൂപ്പര്‍ 8 പ്രതീക്ഷകള്‍ മങ്ങി.

സ്‌കോര്‍:
ഓസ്‌ട്രേലിയ 182-ന് 6 (20 ഓവര്‍)
അയര്‍ലണ്ട് 115 ഓള്‍ ഔട്ട് (16.5 ഓവര്‍)

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി മാര്‍ക്കസ് സ്‌റ്റോയിനിസ് (29 പന്തില്‍ 45), ജോഷ് ഇന്‍ഗ്ലിസ് (17 പന്തില്‍ 37), മാറ്റ് റെന്‍ഷോ (33 പന്തില്‍ 37), കാമറൂണ്‍ ഗ്രീന്‍ (11 പന്തില്‍ 21) എന്നിവരാണ് പ്രധാനമായും സ്‌കോര്‍ ചെയ്തത്. അയര്‍ലണ്ടിനായി മാര്‍ക്ക് അഡയര്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ അയര്‍ലണ്ട് നിരയില്‍ 29 പന്തില്‍ 41 റണ്‍സോടെ ജോര്‍ജ്ജ് ഡോക്ക്‌റെല്‍ മികച്ച പ്രകടം നടത്തിയെങ്കിലും മറ്റാര്‍ക്കും കാര്യമായി റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല. ലോര്‍ക്കന്‍ ടക്കര്‍ 27 പന്തില്‍ 24 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. എന്നാല്‍ 13 റണ്‍സ് നേടുന്നതിനിടെ ആദ്യ വിക്കറ്റ് വീഴുകയും, പിന്നാലെ ഓസ്‌ട്രേലിയന്‍ ബോളിങ് നിരയോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ ഐറിഷ് ബാറ്റര്‍മാര്‍ ഓരോരുത്തരായി കൂടാരം കയറുകയും ചെയ്തതോടെ 16.5 ഓവറില്‍ ടീം ഓള്‍ ഔട്ടായി. ഓസ്‌ട്രേലിയയ്ക്കായി നഥാന്‍ എല്ലിസ്, ആഡം സാംപ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ഫെബ്രുവരി 14-ന് ഒമാനുമായും, 17-ന് സിംബാബ്വേയുമായാണ് അയര്‍ലണ്ടിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇരു മത്സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ വിജയ-പരാജയങ്ങള്‍ അടിസ്ഥാനമാക്കിയാണെന്നതിനാല്‍ അയര്‍ലണ്ട് സൂപ്പര്‍ 8-ല്‍ കടക്കാനുള്ള നേരിയ സാധ്യതയേ നിലവിലുള്ളൂ.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion