കരാറുണ്ടായിട്ടും സിനിമയുടെ പ്രൊമോഷന് വരാത്ത സംഭവത്തില്‍ നടന് ബിജു മേനോനെതിരെ നിലപാട് കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ബിജു മേനാന്, നിര്‍മാതാവ് അനൂപ് കണ്ണന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, അല്ലാത്തപക്ഷം നടനുമായി സഹകരിക്കില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. ഈ തുക ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.
ബിജു മേനോന് പ്രൊമോഷന് വരാത്തത് കാരണം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാക്കി കാട്ടി അനൂപ് കണ്ണന് സംഘടനയെ സമീപിക്കുകയായിരുന്നു. ‘നടന്ന സംഭവം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികള്‍ക്കായി 10 ദിവസം വരാമെന്ന് കരാറുണ്ടായിരുന്നെങ്കിലും, വെറും രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത് എന്നായിരുന്നു അനൂപിന്റെ പരാതി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കത്ത് ബിജു മേനോന് നല്‍കിയെന്ന് ലിസ്റ്റിന് സ്റ്റീഫന്‍ അറിയിച്ചു.
ബിജു മേനോന് കരാറുണ്ടായിട്ടും പ്രൊമോഷന് വന്നില്ലെന്ന്, സംവിധായകനും, നിര്‍മ്മാതാവുമായ ബി. ഉണ്ണികൃഷ്നാണ് കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഇപ്പോള്‍ തിയറ്ററില്‍ ഓടുന്ന ‘വലതുവശത്തെ കള്ളന്’ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയും ബിജു മേനോന് സഹകരിച്ചില്ലെന്ന് ഉണ്ണികൃഷ്ണന് ആരോപിച്ചിരുന്നു. ബിജു മേനോനെയും അദ്ദേഹത്തിന്റെ മാനേജരെയും ബന്ധപ്പെടാന്‍ താന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപും പറഞ്ഞിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion