അയർലണ്ട് സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ വീണ്ടും കുറവ്; അയർലണ്ടിൽ നിന്നും യുഎസ് സന്ദർശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു

By Rose Malayalam Desk

അയര്‍ലണ്ടിലേയ്ക്ക് വരുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വീണ്ടും കുറവ് വന്നതായി റിപ്പോര്‍ട്ട്. Central Statistics Office (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ രാജ്യത്തെത്തിയ സന്ദര്‍ശകരുടെ എണ്ണം 15% കുറഞ്ഞ് 441,000 ആയിട്ടുണ്ട്. 2024 സെപ്റ്റംബര്‍ മുതല്‍ ഇത്തരത്തില്‍ സന്ദര്‍ശകരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2024 മാര്‍ച്ചില്‍ അയര്‍ലണ്ടിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 521,800 ആയിരുന്നു. ആ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ ആകെ സന്ദര്‍ശകരുടെ എണ്ണമാകട്ടെ 1.4 മില്യണും. എന്നാല്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ആകെ 1.08 മില്യണ്‍ സന്ദര്‍ശകരേ അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ എത്തിയുള്ളൂ. 23% ആണ് കുറവ്. 2023-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 7% ആണ് ഈ കുറവെന്നും CSO വ്യക്തമാക്കുന്നു.

2025 മാര്‍ച്ചിലെ ടൂറിസ്റ്റുകളില്‍ ഏറ്റവുമധികം പേര്‍ എത്തിയത് ബ്രിട്ടനില്‍ നിന്നുമാണ്- 176,100. 2024 മാര്‍ച്ചിനെക്കാള്‍ 12% കുറവാണിത്. രണ്ടാം സ്ഥാനത്തുള്ള യുഎസില്‍ നിന്നും എത്തിയ സന്ദര്‍ശകര്‍ 82,900 ആണ്. ഇത്തവണ അത് 18.2% കുറഞ്ഞ് 101,400 ആയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അയര്‍ലണ്ടില്‍ നിന്നും യുഎസിലേയ്ക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിലും വലിയ കുറവ് വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. 2024 മാര്‍ച്ചിനെ അപേക്ഷിച്ച് 2025 മാര്‍ച്ചില്‍ 27% ആണ് യുഎസിലേയ്ക്കുള്ള ഐറിഷ് സന്ദര്‍ശകരുടെ കുറവ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW