ട്രംപിന്റെ ഭീഷണികൾക്കിടയിലും യുഎസിലേക്കുള്ള ഐറിഷ് ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ വൻ വർദ്ധന; ഫെബ്രുവരിയിലെ വരുമാനം 10.5 ബില്യൺ

ട്രംപിന്റെ താരിഫ് വര്‍ദ്ധന ഭീഷണിക്കിടെയും അയര്‍ലണ്ടില്‍ നിന്നും യുഎസിലേയ്ക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധന. ജനുവരി മാസത്തില്‍ ഇവിടെ നിന്നും യുഎസിലേയ്ക്കുള്ള മരുന്നുകളുടെയും, ആരോഗ്യ ഉപകരണങ്ങളുടെയും കയറ്റുമതി 130% വര്‍ദ്ധിച്ച് 9.4 ബില്യണ്‍ യൂറോ ആയിരുന്നു. ഫെബ്രുവരിയില്‍ ഇത് വീണ്ടും വര്‍ദ്ധിച്ച് 10.5 ബില്യണായി. 2024 ഫെബ്രുവരിയില്‍ 1.9 ബില്യണ്‍ യൂറോ ആയിരുന്നു കയറ്റുമതി വരുമാനം. അതായത് ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 450% വര്‍ദ്ധനയാണ് ഈ മേഖലയിലെ കയറ്റുമതി രേഖപ്പെടുത്തിയത്.

പ്രസിഡന്റ് താരിഫ് വര്‍ദ്ധന പ്രഖ്യാപിക്കുമെന്നത് മുന്നില്‍ക്കണ്ട് യുഎസ് കമ്പനികള്‍ സ്റ്റോക്ക് വാങ്ങി സൂക്ഷിക്കുന്നത് കാരണമാണ് കയറ്റുമതി വര്‍ദ്ധിച്ചതെന്നാണ് നിഗമനം. ലോകത്തെ വന്‍കിട മരുന്ന് നിര്‍മ്മാണ കമ്പനികള്‍ പലതിനും അയര്‍ലണ്ടില്‍ സാന്നിദ്ധ്യമുണ്ട്.

നേരത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പല ഉല്‍പ്പന്നങ്ങള്‍ക്കും യുഎസ് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മരുന്നുകള്‍ അടക്കമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അതില്‍ പെട്ടിരുന്നില്ല. പിന്നീട് എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കമുള്ള ഇറക്കുമതി തീരുവ 90 ദിവസത്തേയ്ക്ക് മരവിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ളവയുടെ താരിഫ് വര്‍ദ്ധന അധികം വൈകാതെ നടപ്പിലാക്കുമെന്ന സൂചനയാണ് ട്രംപ് കഴിഞ്ഞ ദിവസം നല്‍കിയത്. അങ്ങനെ വന്നാല്‍ അയര്‍ലണ്ടിനത് വന്‍ തിരിച്ചടിയാകും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion