വയനാട്ടിലെ ഉരുൾപൊട്ടലിൽ 63 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

By Rose Malayalam Desk

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 63 മരണം. ശക്തമായ മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും, മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. നിരവധി പേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.

ചൂരല്‍മലയില്‍ നിരവധി വീടുകള്‍ കതരുകയും, ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തേയ്ക്ക് വരെ ഒഴുകിപ്പോയി. ചാലിയാര്‍ പുഴയിലടക്കം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ വയനാട്ടില്‍ നിന്നും ഒലിച്ചുവന്നതാണെന്നാണ് കരുതുന്നത്.

മുണ്ടക്കൈയിലേയ്ക്കുള്ള പാലം തകര്‍ന്നതിനാല്‍ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സാധിച്ചിരുന്നില്ല. ദേശീയദുരന്തനിവാരണ സേനയുടെ (NDRF) 20 അംഗ സംഘത്തിന് മാത്രമേ ആദ്യഘട്ടത്തില്‍ ദുരന്തമേഖലയില്‍ പ്രവേശിക്കാന്‍ സാധിച്ചുള്ളൂ.

ഇപ്പോഴും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യത്തിന്റെ എഞ്ചിനീയറിങ് ഗ്രൂപ്പും, നേവിയുടെ റിവര്‍ ക്രോസിങ് സംഘവും വയനാട്ടിലെത്തും. നാവികസേനയുടെ ഹെലികോപ്റ്ററുകളുപയോഗിച്ച് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നരെ എയര്‍ലിഫ്റ്റ് ചെയ്യാനും ശ്രമം നടക്കുകയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW