ഡബ്ലിൻ റേപ്പ് ക്രൈസിസ് സെന്ററിലേക്ക് സഹായം അഭ്യർത്ഥിച്ച് ലഭിച്ചത് റെക്കോർഡ് ഫോൺ കോളുകൾ; ആശങ്ക പടർത്തുന്ന റിപ്പോർട്ട് പുറത്ത്

By Rose Malayalam Desk

ഡബ്ലിന്‍ റേപ്പ് ക്രൈസിസ് സെന്ററിലേയ്ക്ക് (DRCC) സഹായം ആവശ്യപ്പെട്ടുകൊണ്ട് പോയ വര്‍ഷം ലഭിച്ച ഫോണ്‍ കോളുകളുടെ എണ്ണം, സെന്ററിന്റെ 45 വര്‍ഷത്തെ ചരിത്രത്തിലെ റെക്കോര്‍ഡ് എന്ന് റിപ്പോര്‍ട്ട്. 2024-ല്‍ 18,605 പേരാണ് ലൈംഗികാതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ടാക്ട് ചെയ്തതെന്ന് സെന്ററിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-ല്‍ 18,400 കോളുകളായിരുന്നു ലഭിച്ചത്.

പതിവ് പോലെ സഹായം ആവശ്യപ്പെട്ട് വിളിച്ചതില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണെങ്കിലും, സഹായം ആവശ്യപ്പെടുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ കോളുകളില്‍ 71.3% പേരും സ്ത്രീകളായിരുന്നു. 17.5% ആയിരുന്നു പുരുഷന്മാര്‍. 2022-ല്‍ ഇത് യഥാക്രമം 84 ശതമാനവും, 15.7 ശതമാനവും ആയിരുന്നു. അതേസമയം ഇരുലിംഗത്തിലും പെടാതെ ‘മറ്റുള്ളവര്‍’ എന്ന വിഭാഗത്തില്‍ പെടുന്നവരുടെ എണ്ണം 2022-ല്‍ 0.3% ആയിരുന്നത് കഴിഞ്ഞ വര്‍ഷം 11.2% ആയി കുത്തനെ ഉയരുകയും ചെയ്തു.

ആകെ ലഭിച്ച ഫോണ്‍ കോളുകളില്‍ 39.8 ശതമാനവും പ്രായപൂര്‍ത്തിയായ വ്യക്തി പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടാണ്. 33.6% പേര്‍ കുട്ടികളുടെ പീഡനവുമായി ബന്ധപ്പെട്ട് സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍, 16.7% പേര്‍ ലൈംഗികാതിക്രമവുമായി (മുതിര്‍ന്നവര്‍) ബന്ധപ്പെട്ടാണ് സഹായമഭ്യര്‍ത്ഥിച്ചത്. 1.5% പേര്‍ ലൈംഗികമായി അപമാനിക്കുന്നതുമായി ബന്ധപ്പെട്ടും സഹായം തേടി.

16 മുതല്‍ 70 വയസ് വരെ പ്രായക്കാര്‍ ക്രൈസിസ് സെന്ററുമായി പോയ വര്‍ഷം ബന്ധപ്പെട്ടപ്പോള്‍ അതില്‍ 19.6% പേര്‍ 30-40 പ്രായക്കാരും, 18.5% പേര്‍ 40-50 പ്രായക്കാരും ആയിരുന്നു.

മുമ്പില്ലാത്തവിധം സഹായാഭ്യര്‍ത്ഥനകള്‍ വര്‍ദ്ധിച്ചതായാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് DRCC മേധാവി റേച്ചല്‍ മറോ പറഞ്ഞു. നാം അഭിമുഖീകരിക്കുന്ന പ്രശ്‌നം എത്രത്തോളം വലുതാണെന്ന് ഇതിലൂടെ വ്യക്തമാകുന്നതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീയും പ്രതികരിച്ചു. അതേസമയം ലൈംഗികാതിക്രമങ്ങള്‍ തടയുന്ന കാര്യത്തില്‍ കാര്യമായ പുരോഗതി രാജ്യം കൈവരിച്ചിട്ടുണ്ടെന്നും, അതിക്രമം നേരിടുന്നവര്‍ സധൈര്യം അക്കാര്യം അധികൃതരെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments