പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡിയായ പോള്‍ മര്‍ഫിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കുറച്ച് ദൂരെയുള്ള ഒരു മതിലിലാണ് ശനിയാഴ്ച രാത്രി ‘Paul Murphy RIP’ എന്നെഴുതിയ വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീയുടെ വീട്ടിലേയ്ക്ക് ബോംബ് ഭീഷണി വന്നതിന് പിന്നാലെയാണ് മറ്റൊരു ജനപ്രതിനിധിക്ക് നേരെയും വധഭീഷണി ഉണ്ടായിരിക്കുന്നത്. ഈയിടെ മറ്റ് പല ടിഡിമാര്‍ക്ക് നേരെയും ഇത്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു.
അതേസമയം ചുമരിലെ ഭീഷണിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ടിഡി മര്‍ഫി, ‘തനിക്ക് ഭയമില്ല’ എന്ന് കുറിച്ചു. സാധാരണക്കാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഇനിയും എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം നേരിടുന്ന ഭവനപ്രതിസന്ധി, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ യഥാര്‍ത്ഥ കാരണക്കാര്‍ക്കെതിരെ നാം ഒന്നിക്കണമെന്നും ഡബ്ലിന്‍ സൗത്ത് വെസ്റ്റ് ടിഡിയായ മര്‍ഫി കൂട്ടിച്ചേര്‍ത്തു. ദിവസങ്ങള്‍ക്ക് മുമ്പ് മുഖംമൂടിധാരികളായ ചിലര്‍ മര്‍ഫിയുടെ വീടിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതിനിടെ ഈ വാരാന്ത്യം മറ്റൊരു ബോംബ് ഭീഷണി കൂടി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീയുടെ വീടിന് നേരെ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് വേറൊരു ബോംബ് ഭീഷണിയെത്തുടര്‍ന്ന് മന്ത്രിയുടെ ഭര്‍ത്താവ്, ചെറിയ കുട്ടികള്‍ എന്നിവരെ ഗാര്‍ഡ വീട്ടില്‍ നിന്നും ഒഴിപ്പിച്ചത്. ഇതിന് പുറമെയാണ് വാരാന്ത്യത്തില്‍ വീണ്ടും ഭീഷണി ഉണ്ടായിരിക്കുന്നത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments