പണം ലഭിക്കുക ജനങ്ങളുടെ അവകാശം, അയർലണ്ടിൽ എല്ലായിടത്തും എടിഎമ്മുകൾ ഉറപ്പാക്കും: ധനമന്ത്രി

അയര്‍ലണ്ടില്‍ എല്ലായിടത്തും ആവശ്യത്തിന് എംടിഎം മെഷീനുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി Michael McGrath. ഇക്കാര്യം സംബന്ധിച്ചുള്ള നിര്‍ദ്ദേശം ചൊവ്വാഴ്ച മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും എക്‌സ് പോസ്റ്റില്‍ മന്ത്രി വ്യക്തമാക്കി. ഇതുവഴി ജനങ്ങള്‍ക്ക് വേണ്ടപ്പോള്‍ പണം എടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കും.

രാജ്യമെങ്ങുമുള്ള ഗ്രാമങ്ങളിലും, കൗണ്ടികളിലും പുതിയ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന് ഭാവിയില്‍ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനായി മന്ത്രിസഭയില്‍ Access to Cash Bill അവതരിപ്പിക്കാന്‍ മന്ത്രി McGrath ഒരുങ്ങുകയാണെന്ന RTE റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രി പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

Ulster Bank, KBC എന്നിവ രാജ്യം വിടുന്നതിന് മുമ്പ് 2022-ല്‍ ഉണ്ടായിരുന്നത്രയും എടിഎമ്മുകള്‍ പുനഃസ്ഥാപിക്കാനാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പണത്തിന്റെ നേരിട്ടുള്ള ഉപയോഗം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, ആളുകള്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍ അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് McGrath പറഞ്ഞു. ഭാവിയില്‍ എടിഎമ്മുകളുടെ എണ്ണം ചുരുക്കാതിരിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ബില്‍ എന്ന് അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം പലചരക്കുകള്‍, പച്ചക്കറികള്‍, സേവനങ്ങള്‍, മരുന്നുകള്‍ മുതലായ അവശ്യവസ്തുക്കള്‍ക്ക് നേരിട്ട് പണം തന്നെ നല്‍കാവുന്ന രീതിയില്‍ ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നതിനായുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Discussion